Sunday, March 18, 2007

അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം)

സൌഹൃദ സന്ദര്‍ശനങ്ങളും സല്‍ക്കാരങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ
ഭാഗമാണല്ലോ . എങ്കിലും സമകാലിക ജീവിതത്തില്‍ ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു എന്നത്
ഒരു യാഥാര്‍ത്ഥ്യമാണ് ! ഊഷ്മളമേറിയ പല വിരുന്നുസല്‍ക്കാരങ്ങളും ആപത്താണ് എന്ന വസ്തുത അതിഥിയും
ആഥിഥേയനും മനസ്സിലാക്കിയാല്‍ നന്ന് .വിഭവസമൃദ്ധമായ വിരുന്നില്‍ പങ്കെടുക്കുകവഴി നാം അമിതമായി
ആഹാരം കഴിക്കുന്നു. ഇത് ദഹനത്തെ തകരാറിലാക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് ദഹനസംബന്ധമായ
പലപ്രശ്നങ്ങളേയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആതിഥിസല്‍ക്കാരത്തില്‍ വിഭവങ്ങളുടെ എണ്ണം കൂടുക
എന്നുവെച്ചാല്‍ വിരുദ്ധാഹാരങ്ങളുടെ എണ്ണം കൂടുകയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിരുദ്ധ ഭക്ഷ്യവസ്തുക്കള്‍
കഴിക്കുകവഴി നമ്മുടെ ശരീരം വിഷസങ്കലനത്തിനു വിധേയമാകുന്നു .
ചിലപ്പോള്‍ ,നാം അല്പം മുമ്പ് വയര്‍ നിറയെ ആഹാരം കഴിച്ചിരിയ്ക്കാം
.പക്ഷെ,ആഥിഥേയനാണെങ്കിലോ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാ‍ക്കി മേശപ്പുറത്തുവെച്ചിട്ടുമുണ്ട് .അതുകൊണ്ട്
ആതിഥേയനെ തൃപ്തിപ്പെടുത്താനായി അമിതഭക്ഷണം കഴിയ്ക്കാന്‍ നാം തയ്യാറാകുന്നു. മറ്റൊന്ന് ; ചായ ,
കാപ്പി,ശീതളപാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം അതിഥി സല്‍ക്കാരം വരുത്തിവെയ്ക്കുന്നു എന്നതാണ്
.സാധാരണയായി , ഒരു ദിവസത്തില്‍ കഴിയ്ക്കാറുള്ള തവണ ചായ അഥവാ കാപ്പി നാം കഴിച്ചിട്ടുണ്ടായിരിയ്ക്കും .
പക്ഷെ,ആഥിഥേയന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനുമുമ്പില്‍ ഈ വക പാനീയങ്ങള്‍ നാം വീണ്ടൂം
കഴിക്കേണ്ടിവരുന്നു. ചായ , കാപ്പി മുതലായവയുടെ അമിത ഉപയോഗം
ഉറക്കക്കുറവ്,മലബന്ധം,വിശപ്പില്ലായ്മ,തലവേദന എന്നിവയിലേയ്ക്ക് നയിയ്ക്കാം. പാനീയങ്ങള്‍ അമിതമായി
ഉപയോഗിയ്ക്കുകവഴി ദഹനക്കുറവും കിഡ്‌നിക്ക് അമിതജോലിഭാരവും ഉണ്ടാകുന്നു.
ചിലയിടങ്ങളില്‍ അതിഥിസല്‍ക്കാരത്തിന്റെ ഭാഗമായി ,പ്രധാന ആഹാരത്തിനുമുമ്പ് ,മധുരമുള്ള
എന്തെങ്കിലും പാനീയം നല്‍കുക പതിവുണ്ട് . ഇത് അതിഥിയുടെ വിശപ്പ് കുറയ്ക്കാനേ ഉപകരിക്കൂ എന്ന വസ്തുത എത്ര
ആതിഥേയര്‍ മനസ്സിലാക്കിയിട്ടുണ്ട് ? ചില അതിഥി സല്‍ക്കാരങ്ങളില്‍ മദ്യം പ്രധാന നായകനാ‍യിട്ടുണ്ടാകും !
ഇത്തരം സല്‍ക്കാരങ്ങല്‍ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തേയും തകര്‍ക്കുന്നു. പല വിഭവസമൃദ്ധമായ
സല്‍ക്കാരങ്ങളിലും ഭക്ഷണം വളരേ നേരത്തെതന്നെ തയ്യാറാക്കിവെയ്ക്കുക പതിവാണ് . ‘പാകം ചെയ്ത് ഒട്ടേറെ
മണിക്കൂറുകള്‍ കഴിഞ്ഞുള്ള ഭക്ഷണം ‘ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ .
അതുപോലെത്തന്നെ അതിഥി സല്‍ക്കാരങ്ങളില്‍ (ഹോട്ടലുകളിലും ) ‘മേശപ്പുറത്തെ വൃത്തി ‘ പാകം ചെയ്യുന്ന
വേളയിലുണ്ടായിരിക്കുമെന്ന് നാം ഉറപ്പിയ്ക്കരുത് .
പലരും കുട്ടികളുള്ള വീട്ടിലേയ്ക്ക് സൌഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ മിഠായി ,മധുരപലഹാരങ്ങള്‍
എന്നിവ കൊണ്ടുപോകാറുണ്ട് . പല മിഠായികളിലും മധുരപലഹാരങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന
രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, മുന്‍പറഞ്ഞ ആഹാരപദാര്‍ഥങ്ങളില്‍ മായം
ചേര്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ് .അതുകൊണ്ടുതന്നെ ഇവ ആഹരിയ്ക്കുകവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം
തകരാറിലാകുന്നു. ദന്തസംബന്ധമായ രോഗങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരേ
കൂടുതലാണെന്നാണ് ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് . ഇതിന് പ്രധാനകാരണമായിപ്പറയുന്നത്
‘മധുര’മെന്ന വില്ലനെയാണ് .
അവസാനമായി പറയുവാന്‍ പോകുന്നത് ,വൃദ്ധജനങ്ങള്‍ നടത്തുന്ന
സൌഹൃദസന്ദര്‍ശനങ്ങളെക്കുറിച്ചാണ്. “വയസ്സായി (റിട്ടയറായി ) , ഒഴിവുസമയം ഒട്ടേറെ ,.നേരം പോകാനായി
അതിഥിയുടെ റോള്‍ അണിഞ്ഞുകളയാം “- എന്നിങ്ങനെ ചിന്തിയ്ക്കുന്നവരും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ടാകും . ഇവരില്‍
ഭൂരിഭാഗത്തിനും എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഒരു വസ്തുതയാണ് . ഹൃദ്രോഗം ,പ്രമേഹം ,ബ്ലഡ്‌
പ്രഷര്‍ എന്നീരോഗങ്ങളാണ് ഇവരില്‍ പ്രധാനമായി കണ്ടുവരാറുള്ളത് . ഈ അസുഖങ്ങളുടെ വര്‍ദ്ധനവ്
ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മധുരം,കൊഴുപ്പ്,ഉപ്പ് എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന വസ്തുത നമുക്ക് അറിയാമല്ലോ .
അതുകൊണ്ടൂതന്നെ അതിഥിസല്‍ക്കാരത്തിലെ വിഭവങ്ങള്‍ ഇവരുടെ ദിനചര്യയിലെ ആഹാരരീതികള്‍
തെറ്റിയ്ക്കുകയും രോഗം വര്‍ദ്ധിയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ഇനി പറയൂ ; അതിഥി സല്‍ക്കാരങ്ങള്‍ അപകടങ്ങളാണോ ? സ്നേഹത്തോടെ സമ്മാനിയ്ക്കുന്ന ഈ
അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും; അതിഥിയ്ക്കും ആതിഥേയനും ശരിയായ ആരോഗ്യചിന്ത കൈവശമായാല്‍
മാത്രം!!

2 comments:

santhosh balakrishnan said...

കല്യാണശേഷം ബന്ധുവീടുകളില്‍ പോയി സല്‍ക്കാരങള്‍ ഏറ്റുവാങിയതും ദഹനക്കേട് പിടിച്ചതുമാണ്‍ ഇത് വായിച്ഛപ്പോള്‍ ഓര്‍ത്തത്..നല്ല ലേഖനം.....

പക്ഷേ ഒരു സംശയം....ഇതെങെനെ ഹാസ്യത്തില്‍ പെടുത്താന്‍ പറ്റൂം?

കരിപ്പാറ സുനില്‍ said...

നന്ദി,ശ്രീ സന്തോഷ്
താങ്കള്‍ പറഞ്ഞത് തീര്‍ത്തും യാഥാര്‍ത്ഥ്യമാണ്
പക്ഷെ,സമൂഹത്തിലെ ഒരു സംസ്കാരത്തെ വിമര്‍ശനവിധേയമാക്കുന്നത് തെറ്റാണെന്നൊരു തോന്നല്‍.
അതിനാല്‍ ഹാസ്യമെന്ന ലേബലില്‍ പ്രസിദ്ധീകരിച്ചുവെന്നുമാത്രം
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.
സവിനയം
കരിപ്പാറ സുനില്‍

 

Web Site Statistics
Apple Laptop Computer