Thursday, April 26, 2007


ലാലേട്ടന്‍ , രാത്രിയില്‍ യക്ഷിയേയും ഗന്ധര്‍വ്വനേയും നേരിട്ടപ്പോള്‍ ... ( അനുഭവ പ്രേതകഥ )





                [കഥ നടന്നത് എഴുപതുകളിലാണ്.എങ്കിലും , ഇതിലുള്‍പ്പെട്ട കഥാപാത്രങ്ങള്‍ പ്രായമായതുകോണ്ടും,പഴയ കുസൃതിത്തരങ്ങള്‍ മക്കളും ഭാര്യയുമറിഞ്ഞാല്‍
വിലപോകുമെന്നുള്ളതുകൊണ്ടും,പേരും
സാഹചര്യങ്ങളുമൊക്ക മാറ്റുന്നു ]

നമ്മുടെ
കഥാനായകനെ നമുക്ക് ‘ലാലേട്ടന്‍’ എന്നു വിളിയ്കാം.
(മോഹന്‍ ലാലല്ല കേട്ടോ ; വേണമെങ്കില്‍
മോഹന്‍ലാലിനും ഈ റോളില്‍ അഭിനയിയ്ക്കാം.
അത്രതന്നെ )

ലാലേട്ടന്‍
ചെറുപ്പത്തിലേ വികൃതിയും വില്ലനും
വായ്‌നോക്കിയുമായിരുന്നത്രെ. അതുകൊണ്ടുതന്നെ
അത്തരം സുഹൃത്തുക്കള്‍ അദ്ദേഹത്തിന്
ഏറെയായിരുന്നു. മാത്രമല്ല ഈ വക കാര്യങ്ങള്‍
നടത്തിക്കൂ‍ട്ടേണ്ടതിനാല്‍ പഠിത്തത്തില്‍
പിന്നോക്കമായിരുന്നു.എങ്കിലും അദ്ദേഹം പത്താം
ക്ലാസ് അഞ്ചാം ചാന്‍സില്‍ പാസ്സായി.അങ്ങനെ
പ്രീഡിഗ്രിയ്ക്ക് നാലാം കൊല്ലം(2+ചാന്‍സുകള്‍ )
പഠിയ്ക്കുന്ന കാലത്താണ് ഈ കഥ നടന്നത് .പ്രീഡിഗ്രി
തോറ്റതിനാല്‍ പാരലല്‍ കോളേജില്‍പോയി
പഠിയ്ക്കുകയാണ് മൂപ്പര്‍ ചെയ്തിരുന്നത് .പഠനത്തിന്റെ
സൌകര്യാര്‍ത്ഥം തട്ടിന്‍ മുകളിലുള്ള മുറിയാണ്
മൂപ്പര്‍ക്കായി അലോട്ടുചെയ്തിരുന്നത്. മൂപ്പരാണെങ്കിലോ
ഈ സൌകര്യം ധാരാളമായി
ദുരുപയോഗപ്പെടുത്താറുമുണ്ട്. മുറിയില്‍ നിന്ന്,
പുരപ്പുറത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മാവിന്‍ കൊമ്പുവഴി
താഴേയ്ക്കിറങ്ങി ,വീട്ടുകാരറിയാതെ ‘സെക്കന്‍‌ഡ് ഷോ
‘യ്ക്കു പോകുക മൂപ്പരുടെ ഒരു പതിവായിരുന്നു.
(സിനിമയ്ക്കുപോകുമ്പോള്‍ മുറിയില്‍ ലൈറ്റ് ഇട്ടു വെയ്ക്കും .
വീട്ടുകാര്‍ ‘ലാലേട്ടന്‍ പഠിയ്ക്കുകയാണെന്ന
ധാരണയിലിരുന്നോട്ടെ ; അതുവഴി പകലുറക്കത്തിന്
ആധികാരികമായി അനുവാദം ലഭിയ്ക്കുകയും
ചെയ്യും.)സെക്കന്‍ഡ് ഷോ കഴിഞ്ഞാലോ ഇതേ
മാവിന്‍‌കൊമ്പു വഴി തന്നെ തന്റെ മുറിയിലെത്തുകയും
ചെയ്യും.

അങ്ങനെ സംഭവം നടന്ന ദിവസം
; അന്നും മൂപ്പര്‍ രാത്രിയില്‍ സെക്കന്‍ഡ് ഷോ യ്ക്
പോകുവാന്‍ തീരുമാനിച്ചു. അന്ന് ആ നാട്ടിലെ ഒരേ
ഒരു സിനിമാതിയേറ്റര്‍ ‘ശ്രീരാഗം ‘തിയേറ്ററായിരുന്നു.
അന്നേദിവസം അവിടെ കളിച്ചിരുന്നത് ‘ഡ്രാക്കുള ‘
എന്ന പ്രേതസിനിമയായിരുന്നു.

ലാലേട്ടന്റെ
വിശ്വാസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ,മൂ‍പ്പര്‍
ഒരു നിരീശ്വരവാദിയാണ്. അതായത് ദൈവത്തില്‍
വിശ്വാസമില്ലെന്നര്‍ത്ഥം. എന്നുവെച്ച് പ്രേതത്തില്‍
വിശ്വാസമില്ല ന്നൂറുശതമാനം എന്ന് ഉറപ്പിച്ചു
പറയുവാന്‍ പറ്റില്ലെത്രെ! പകല്‍ സമയത്ത്
പ്രേതത്തില്‍ അങ്ങോര്‍ക്ക് തീരെ വിശ്വാസം
ഇല്ല.പക്ഷെ, രാത്രിയില്‍ പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള
സമയത്തൊക്കെ പ്രേതം,പിശാച്
എന്നിവയിലൊക്കെ അദ്ദേഹത്തിന് അമിതമായ
വിശ്വാസമാണുതാനും.ഇതിനെക്കുറിച്ച് ചോദിച്ചാല്‍
മൂപ്പര്‍ ഉടന്‍ തന്നെ മറുചോദ്യമുന്നയിയ്ക്കും.പാല്‍
,സസ്യാഹാരമാണോ ? ‘അല്ല‘ എന്നുത്തരം .കാരണം
അത് ഒരു ജീവിയില്‍നിന്നു ലഭിയ്ക്കുന്ന വസ്തുവാണ്
.എന്നീട്ട് ,‘വെജിറ്റേറിയന്മാര്‍’ എന്നുപറയുന്ന ഒരു കൂട്ടര്‍
പാല്‍ ,മോര്,തൈര്, നെയ്യ് എന്നിവയൊക്കെ
നല്ലവണ്ണം കഴിയ്ക്കുകയും സസ്യാഹാരികള്‍ എന്ന് മേന്മ
നടിയ്ക്കുകയുംചെയ്യുന്നതുപോലെ മാത്രമേ ഈ
പ്രശ്നത്തെ കാണേണ്ടതുള്ളൂ എന്നത്രേ മൂപ്പരുടെ
അഭിപ്രായം .(അതുപോലെത്തന്നെ അമ്പലത്തിലെ
പായസം ,മറ്റ് പ്രസാദങ്ങള്‍ എന്നിവയില്‍ മൂപ്പര്‍ക്ക്
അമിതമായ വിശ്വാസം ഉണ്ട്താനും)

അതൊക്കെ
പോകട്ടെ നമുക്ക് കഥയിലേയ്ക്ക്
തിരിച്ചുവരാം.അന്നേദിവസം രാത്രി ,ഏകദേശം
ഒമ്പതരയോടുകൂടി ,മൂപ്പര്‍ വീട്ടുകാരറിയാതെ മാവിന്‍
കൊമ്പു വഴി താഴെയിറങ്ങി. നല്ല നിലാവുള്ള
ദിവസമായതിനാല്‍ ടോര്‍ച്ച് എടുക്കേണ്ട ആവശ്യം
ഉണ്ടായിരുന്നില്ല.

മനോഹരമായ ആ പൂനിലാവിന്റെ ഭംഗി മൂപ്പര്‍
നല്ലവണ്ണം ആസ്വദിച്ചു.

എന്നീട്ട് സൈക്കളില്‍ കയറി ശബ്ദമുണ്ടാക്കാതെ
വീട്ടില്‍ നിന്ന് പഞ്ചായത്തുറോഡിലേയ്ക്കുകടന്നു. പിന്നീട്
അതിവേഗത്തില്‍ സിനിമാശാലയെ ലക്ഷ്യമാക്കി
സൈക്കിള്‍ ചവിട്ടി.

തിയേറ്ററിലെത്തിയപ്പോള്‍ അത്രയധികം
ആളുകളൊന്നും സിനിമയ്ക്കുണ്ടായിരുന്നില്ല. അതിനാല്‍
അധിക നേരം ടിക്കറ്റേടുക്കാന്‍ ക്യൂ
നില്‍ക്കേണ്ടിവന്നില്ല .

സിനിമതുടങ്ങി. ഭീതി
ഭയങ്കരമായി മൂപ്പര്‍ക്ക് അനുഭവപ്പെട്ടു.ഡ്രാക്കുളയുടെ
മുഖവും ചോരകുടിയ്ക്കലും തേറ്റപ്പല്ലുകളും ചെന്നായക്കളും
കടവാതിലും അതിനനുസരിച്ചുള്ള പേടിപ്പെടുത്തുന്ന
ശബ്ദ ക്രമീകരണവും ലാലേട്ടനില്‍ ഭീതിയുടെ നയാഗ്രാ
വെള്ളച്ചാട്ടം തന്നെ ഉണ്ടാക്കി.

സിനിമ കഴിഞ്ഞ്

പുറത്തിറങ്ങി.മെയിന്‍ റോഡിലൂടെ സൈക്കിള്‍
ചവിട്ടുമ്പോള്‍ ഭയത്തിന്റെ ചെറിയ കുമിളകള്‍
മനസ്സില്‍ ഉയര്‍ന്നുവരുന്നതുപോലെ തോന്നി.

വഴിയ്ക്കെങ്ങാനും ഡ്രാക്കുള പ്രത്യക്ഷപ്പെട്ടാല്‍ ......

എന്താ ചെയ്യുക?.

നിരീശ്വരവാദത്തിന്റെ ഹിമാലയന്‍ ശൃംഗങ്ങള്‍
ഡ്രാക്കുളയാകുന്ന അതിഭീമന്‍ ബുള്‍ഡോസര്‍
എന്തുവേഗമാണ് തകര്‍ക്കുന്നത്.

ഇവിടെയിപ്പോള്‍

നിരീശ്വരവാദം പറഞ്ഞ് തര്‍ക്കിക്കേണ്ട
കാര്യമില്ലല്ലോ.

ലാലേട്ടന് ഉടനെ ഒരു ബുദ്ധിതോന്നി.

പെട്ടെന്ന്,മൂപ്പര്‍ സൈക്കിളില്‍ നിന്നിറങ്ങി .

റോഡ്‌സൈഡിലെ വേലിയില്‍ നിന്ന് രണ്ടു
ശീമക്കൊന്നക്കഷണങ്ങള്‍ ഒടിച്ചെടുത്തു. എന്നീട്ടത്
സൈക്കിളിന്റെ പിറകില്‍ വെച്ചു.

ഇനി ഡ്രാക്കുളയെങ്ങാനും വന്നാല്‍ കുരിശിന്റെ
രൂപത്തില്‍ ആ ശീമക്കൊന്നക്കഷണങ്ങള്‍ വെച്ച്
ഡ്രാക്കുളയെ ആക്രമിയ്ക്കാലോ?

കുരിശിനെ ഡ്രാക്കുളയ്ക്ക് പേടിയാണല്ലോ.

ആ ഒരു ആശ്വാസത്തില്‍ പെരുമ്പറകൊട്ടുന്ന
ഹൃദയവുമായി സൈക്കിളില്‍ കയറി യാത്ര തുടര്‍ന്നു
.

മെയിന്‍‌റോഡില്‍നിന്ന് പഞ്ചായത്തുറോഡിലേയ്ക്കായി
പിന്നീടുള്ള യാത്ര.

പേടി മാറ്റാന്‍ വേണ്ടി എന്തു ചെയ്യും?

ഉറക്കെ പാട്ടുപാടിയാലോ?

മൂപ്പര്‍ അന്നത്തെ ഹിറ്റ് ഗാനമായ “ തൈപ്പൂയ
ക്കാവടിയാട്ടം, തങ്കമണിപ്പീലിയാട്ടം ‘’ എന്ന പാട്ടൊ
ന്നു പാടിനോക്കി.

പക്ഷെ ,പലവട്ടം പാടാന്‍ ശ്രമിച്ചെങ്കിലും ശബ്ദം
ഉയര്‍ന്നു വരുന്നില്ല.

ആ സമയത്ത് വീണ്ടും ഒരു പ്രശ്നം ?

സൈക്കിള്‍ എത്ര ചവിട്ടിയിട്ടും നീങ്ങുന്നില്ല.

വീണ്ടും ആഞ്ഞു ചവിട്ടി.

സൈക്കിള്‍ നീങ്ങുന്നില്ല.

ഇത് ഡ്രാക്കുളയുടെ പണിയാണോ?

അറിയാതെ ചുണ്ടില്‍നിന്ന് ‘’ഗുരുവായൂരപ്പാ ‘‘ എന്ന
വിളി വന്നു.

അപ്പോഴേയ്കും ഒരു ചിന്ത മനസ്സിലുദിച്ചു .

ഇവിടെ ഗുരുവായൂരപ്പനെ വിളിച്ചീട്ടെന്താ കാര്യം?

ഡ്രാക്കുളയ്ക്ക് ഗുരുവായൂരപ്പനെ ഭയക്കേണ്ട
കാര്യമില്ലല്ലോ.

ഡ്രാക്കുളയെ നേരിടാന്‍ കുരിശോ ,കൃസ്ത്യന്‍ ദൈവമോ
വേണം ?

കൈ സൈക്കിളിന്റെ പിന്നിലേയ്ക്കു നീങ്ങി .

സമാധാനം! ,ശീമക്കൊന്ന വടികള്‍ അവിടെ
ഇരിപ്പുണ്ട് .

ഡ്രാക്കുള വന്നാല്‍ ശീമക്കൊന്ന വടികള്‍ കുരിശിന്റെ
രൂപത്തിലാക്കി നേരിടാം.

അത് ലാലേട്ടന്റെ മനസ്സില്‍ ആശ്വാസത്തിന്റെ
കുളിര്‍ക്കാറ്റുവീശി.



ലാലേട്ടന്‍ ഒന്നുകൂടി
വിയര്‍ത്തു.ഇനി വീട്ടുകാരറിയാണ്ടുള്ള ഈ
സിനിമാപ്പോ‍ക്ക് വേണ്ട. എന്തൊക്കെ ടെന്‍ഷനാ
അതിന്റെ പേരിലനുഭവിയ്ക്കുന്നത് .

മാനത്ത് ചെറിയതോതിലുള്ള കാര്‍മേഘങ്ങളുണ്ട്.
അതുകൊണ്ട് പൂനിലാവിന്റെ ശക്തി
കുറഞ്ഞിരിയ്ക്കുന്നു.

അതോടെ ലാലേട്ടന്റെ മനസ്സില്‍ ഭയത്തിന്റെ ശക്തി
കൂടിവന്നു.

പക്ഷെ,വീണ്ടും പ്രശ്നം!

സൈക്കിള്‍ ഇപ്പോള്‍ തീരെ മുന്നോ‍ട്ടുനിങ്ങുന്നില്ല.

രണ്ടും കല്പിച്ച് മൂപ്പര്‍ സൈക്കിളില്‍ നിന്നിറങ്ങി.

പെട്ടെന്ന് ലാലേട്ടന് പൊട്ടിച്ചിരിയ്ക്കാനാണ് തോന്നിയത് .

കാരണം ,സൈക്കിള്‍ പഞ്ചറാണ് . ലാലേട്ടന്
തന്നോടുതന്നെ പുച്ഛം തോന്നി.

വെറുതെ എന്തെല്ലാം അനാവശ്യ ചിന്തകളാണ് ഈ
യുക്തിവാദിയുടെ മനസ്സില്‍ വന്നത് .

പക്ഷെ , ഈ ധൈര്യം അധികനേരം
നീണ്ടുനിന്നില്ല.

ടയര്‍ പഞ്ചറാക്കിയത് ഡ്രാക്കുളയാകുമോ ?

യേയ് , അതൊന്നുമല്ല. കട്ടയും കല്ലുമൊക്കെയുള്ള
പഞ്ചായത്തു റോഡല്ലേ .

ഏതെങ്കിലും ഒരു കല്ലിന്റെ മുന കൊണ്ടീട്ടുണ്ടാകും.

ഇനി സൈക്കിള്‍ ഉന്തുക തന്നെ .

വേറെ ഒരു മാര്‍ഗ്ഗവുമില്ല.

പക്ഷെ,ഇത്രയും ദൂരം ഉന്തുകയോ? അതു ഈ
പാണ്ടിമേളം നടത്തുന്ന മനസ്സുമായിട്ട് ?

പിന്നെന്താ മാര്‍ഗ്ഗം.?

എളുപ്പ വഴി നോക്കിയാലോ ? ഗോപാലേട്ടന്റെ
പറമ്പിലൂടെ കടന്ന് മേരിചേച്ചിയുടെ പറമ്പിലൂടെ
കടന്നാല്‍...
പിന്നങ്ങോട്ട് ശേഖരേട്ടന്റെ
വീടായി.........

ശേഖരേട്ടന്റെ പറമ്പിലൂടെ കടന്നാല്‍ ‘ദാന്ന് ‘
വീട്ടിലെത്താം.

’ എന്നാല്‍ അങ്ങനെത്തന്നെ. ‘- - ലാലേട്ടന്‍
തീരുമാനിച്ചു.

അങ്ങനെ ഗോപാലേട്ടന്റെ
പറമ്പിലൂടെ ലാലേട്ടന്‍ സൈക്കിളുമുന്തിക്കൊണ്ടു മന്ദം
മന്ദം നടന്നു.

‘തൈപ്പൂയക്കാവിടിയാട്ടം‘ എന്ന ഗാനം ചെറിയ
വോളിയത്തില്‍ ആലപിച്ചാണ് നടപ്പ്.

ഗോപാലേട്ടന്റെ പറമ്പുകഴിഞ്ഞു ,മേരിചേച്ചിയുടെ
പറമ്പെത്തി.

ആകാശത്തില്‍ കാര്‍മേഘം കൂടി വന്നു.

നിലാവിന്റെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട് .

പെട്ടെന്ന് ലാലേട്ടന്റെ മനസ്സില്‍ ഒരു
കൊള്ളിയാന്‍ മിന്നി .

എന്താണ് അല്പം അകലെയായിക്കാണുന്നത് ?

വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയല്ലേ , അവിടെ
നില്‍ക്കുന്നത് ?

അങ്ങനെ ഒരു പെണ്ണ് അവിടെ നിന്നാല്‍ എന്തിനാ
ആണായ താന്‍ പേടിയ്ക്കുന്നത് ?

അതും പൌരുഷമുള്ള ഒരു യുക്തിവാദി ! എത്ര
പെണ്‍പിള്ളാരെ പിന്നാലെ നടന്ന് കമന്റടിച്ചിട്ടുള്ള
പാര്‍ട്ടിയാണ് താന്‍ .

എന്നിട്ടിപ്പോ .....

ഒരു സ്തീ വെള്ള വസ്ത്രം ധരിച്ചു എന്നുവെച്ച്
ഭയക്കുകയോ ?

ഒരു പക്ഷെ ആരെങ്കിലും തന്റെ യുക്തിവാദശേഷിയെ
പരീക്ഷിയ്ക്കുന്നതാണോ?

പക്ഷെ, താന്‍ ഈ വഴി വരുമെന്ന് അവര്‍ക്ക്
എന്താണുറപ്പ് ?

ഇനി ഇതൊരു യക്ഷിയാണോ ?

അതാ ഇപ്പോള്‍ കാണുന്നതെന്താ ?

ആ ,വെള്ള വസ്ത്രം ധരിച്ച സ്ത്രീ കൈകൊണ്ടു അങ്ങോട്ട്
മാടി വിളിയ്ക്കുന്നല്ലോ .

ഇതു പെശകാണല്ലോ, ഗുരുവായൂരപ്പാ....

എന്നാ‍ലും അങ്ങനെ വിട്ടുകൊടുത്തുകൂടാ .

ലാലേട്ടന്‍ സെക്കിള്‍ ,സ്റ്റാന്‍ഡില്‍ വെച്ച് ശീമക്കൊന്ന
വടിയെടുത്തു.

ഉന്നം വെച്ച് ആഞ്ഞ് ആ വെള്ള വസ്ത്രം ധരിച്ച
സ്ത്രീയുടെ നേരെ എറിഞ്ഞു.

പക്ഷെ, ആ സ്ത്രീയ്ക്കൊന്നും പറ്റിയില്ല. ആഞ്ഞെറിഞ്ഞ
വടി അതേ പോലെ ലാലേട്ടന്റെ അരികെ
വന്നുവീണു.

ഇത് യക്ഷി തന്നെ ,ലാലേട്ടന്‍ ഉറപ്പിച്ചു.
എന്നിരുന്നാലും ഒന്നുകൂടി പരീക്ഷിയ്ക്കാലോ....

കുരിശിനായിക്കരുതിയ രണ്ടാമത്തെ വടിയും ലാലേട്ടന്‍
എടുത്തു. ഒന്നുകൂടി ആ യക്ഷിയുടെ നേരെ
ആഞ്ഞെറിയാന്‍ തീരുമാനിച്ചു.

അതിനു മുമ്പ് എന്തോ ഒരു ശബ്ദം കേട്ട്
കിഴക്കോട്ടൊന്നു നോക്കിപ്പോയി.

എന്റെ ഗുരുവായൂരപ്പാ ലാലേട്ടന്‍ അറിയാതെ
വിളിച്ചുപോയി......
ഒന്നല്ല .... അഞ്ചുപത്തു
യക്ഷിമാരാണ് അവിടെ നിരന്നു നില്‍ക്കുന്നു!!!

.എല്ലാവരും കൈകൊണ്ട് ആഗ്യം കാട്ടി
വിളിയ്ക്കുന്നുമുണ്ട്.

അവയുടെ തേറ്റപ്പല്ലുകള്‍ തന്റെ കഴുത്തില്‍ അമര്‍ത്തി
ചോര വലിച്ചുകുടിയ്ക്കുന്ന രംഗം പെട്ടെന്ന്
മനസ്സിലോടിയെത്തി

ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. സൈക്കിളിവിടെ
കിടക്കട്ടെ.

ജീവനേക്കാള്‍ വലുതല്ലല്ലൊ സൈക്കിളും
നിരീശ്വരവാദവുമൊക്കെ.

എങ്ങനെയോ ഓടാനുള്ള ധൈര്യം കിട്ടി .

പിന്നെ ,അങ്ങോട്ട്
ഒരോട്ടമാണ്.എവിടേയ്ക്കാണൊന്നൊന്നും നിശ്ചയമില്ല.


മുന്നില്‍ ഒഴിവുള്ള ഭാഗത്തുകൂടി ഓടി .

പക്ഷെ,,ആ ഓട്ടം അധിക സമയം തുടരാന്‍
കഴിഞ്ഞില്ല.

കാരണം.എന്തോ തട്ടി ലാലേട്ടന്‍ മണ്ണില്‍ വീണു.



ധൈര്യം സംഭരിച്ച് എണീറ്റ് നോക്കിയപ്പോള്‍
വാസുവേട്ടന്റെ പറമ്പിലാണു താന്‍ നില്‍ക്കുന്നതെന്നു
മനസ്സിലായി.

എങ്ങനെയോ ധൈര്യം സംഭരിച്ച് ചുറ്റും നോക്കി.

യക്ഷിമാരെയൊന്നും കാണാനില്ല.

കാലില്‍ തൊലിപോയിട്ടുണ്ടെന്നതൊഴിച്ചാല്‍ വലിയ
കുഴപ്പമില്ല. എണീറ്റുനടക്കാം.

നടക്കാതെ നിവൃത്തിയില്ലല്ലോ.

ലാലേട്ടന്‍ വീണ്ടും വീടിനെ ലക്ഷ്യമാക്കി പതുക്കെ
നടന്നു.
എന്നാല്‍ ഏകദേശം
അഞ്ചടി വെച്ചിട്ടുണ്ടാവില്ല.

അപ്പോള്‍ അല്പം അകലെ കണ്ട കാഴ്ച് ലാലേട്ടനെ
വീണ്ടും ഞെട്ടിച്ചു.

അങ്ങകലെയായി ഒരാള്‍ നില്‍ക്കുന്നു കൈയ്യില്‍
എന്തോ ഒന്ന് പിടിച്ചുകൊണ്ട്...... ഏകദേശം
മനുഷ്യരൂപത്തില്‍!!!

നോക്കിനിക്കെ ആ രൂപം വലുതായി വരുന്നു.

ഇപ്പൊ രണ്ടാള്‍ പൊക്കത്തിലായി.......

അതാ മൂന്നാള്‍ പൊക്കത്തിലായി....

ഇത് ഗന്ധര്‍വനല്ലേ ....

അതെ, ആകാശ ഗന്ധര്‍വന്‍ തന്നെ.

ചെറുപ്പത്തില്‍ കഥകളിലൊക്കെ കേട്ടിട്ടുള്ള
ആകാശഗന്ധര്‍വന്‍ തന്നെ..

മനുഷ്യരെ ഉടലോടെ വിഴുങ്ങുന്ന
ആകാശഗന്ധര്‍വന്‍....

യക്ഷിയാണെങ്കില്‍ ചോര കുടിയ്ക്കുകയേയുള്ളൂ.

പക്ഷെ, ഗന്ധര്‍വന്‍ അങ്ങനെ ത്തന്നെ
വിഴുങ്ങിക്കളയും !

പന്തം പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം
കൊളുത്തിപ്പട!

ഇപ്പോഴതാ ഗന്ധര്‍വന്‍ ഒരു തെങ്ങിന്റെ
ഉയരത്തിലായി......

അയ്യോ... ,ഇപ്പോഴതാ ആകാശം മുട്ടേ ആയി. .....

അയ്യോ ...തന്റെ അടുത്തേയ്ക്കല്ലേ അതിന്റെ കൈകള്‍
വരുന്നത്...

അയ്യോ... , തന്നെ വിഴുങ്ങാനല്ലേ അതു
വരുന്നത്....

ലലേട്ടന്റെ വായില്‍നിന്ന് ഉച്ചത്തിലുള്ള അപശബ്ദം
പുറത്തുവന്നു.

ലാലേട്ടന്‍ ബോധരഹിതനായി നിലാപതിച്ചു.

കണ്ണുതുറന്നപ്പോള്‍ , താന്‍
ആശുപത്രിയിലാണ് കിടക്കുന്നതെന്ന് ലാലേട്ടനു
മനസ്സിലായി.
“ ഓ, കണ്ണു തുറന്നല്ലോ, ബോധം വന്നു ,
ആശ്വാസായി ‘’ എന്നൊക്കെ ആരോ പറയുന്നത്
ലാലേട്ടന്‍ കേട്ടു .
മുറിയില്‍ അച്ഛന്‍ ,അമ്മ, അനിയത്തി,പിന്നെ
മേരിചേച്ചി,ഗോപാലേട്ടന്‍
ശേഖരേട്ടന്‍......എന്നിവരെഒക്കെയുണ്ട്.
“എടയ്ക്കിടെ യക്ഷി, ഗന്ധര്‍വന്‍ ... ഇങ്ങനെ വിളിച്ചു
പറയാര്‍ന്നു... ‘’-- അനിയത്തിയുടെ വക
പരിഹാസച്ചുവയുള്ള കമന്റ്

‘’ എന്തിനാടാ നീ ഈ വേണ്ടാത്തേനൊക്കെ പോയേ
‘’-- അമ്മ കരഞ്ഞുകൊണ്ട് പറയാന്‍ തുടങ്ങി.

“ ഇപ്പോ അവനെ ചീത്തയൊന്നും പറയേണ്ട,
അതൊക്കെ സൂക്കേട് മാറീട്ടുമതി “-- ലലേട്ടന്റെ അച്ഛന്‍
പക്വതയോടെ പറഞ്ഞു.

അപ്പോഴേയ്ക്കും ഡോക്ടര്‍ വന്നു. ഡോക്ടര്‍
കാര്യങ്ങള്‍ ചോദിച്ചു.

ലാലേട്ടന്‍ ആദ്യം മടികാണിച്ചു.

പക്ഷെ,ഡോക്ടര്‍ പറഞ്ഞു “ ഉണ്ടായ കാര്യങ്ങള്‍
തുറന്നു പറയണം . , അല്ലെങ്കില്‍ അത് വലിയ
മാനസിക പ്രശ്നമാകും. “

ലാലേട്ടന്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി

അതു കണ്ട് ഡോക്ടര്‍ പറഞ്ഞു.” അവരൊക്കെ
അവിടെ നിന്നോട്ടെ.എല്ലാവര്‍ക്കും കാര്യങ്ങളൊക്കെ
അറിയാലോ.ചിലപ്പോ അവരില്‍ നിന്ന് സഹായോം
ഉണ്ടായീന്നിരിയ്ക്കൂം”

ലാലേട്ടന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി.

ലലേട്ടന്റെ അമ്മയുടെ മുഖം ദേഷ്യവും സങ്കടവും
പ്രകടിപ്പിച്ചു.

അതുകണ്ട് ഡോക്ടര്‍ പറഞ്ഞു ,”ഈ പ്രായത്തിലുള്ള
കുട്ടികള് വീട്ടിലറിയാതെ സെക്കന്‍‌ഡ് ഷോ വിനു
പോയി എന്നൊക്കെയുള്ളതിനെ അത്ര
വലിയകുറ്റമായി കാണേണ്ട.ഇനി, കാര്യങ്ങള്‍
സത്യസന്ധമായി പറഞ്ഞതുകൊണ്ട്
കുറ്റപ്പെടുത്തലൊന്നും വേണ്ട“

തുടര്‍ന്നു പറയാന്‍ ഡോക്ടര്‍ ലാലേട്ടനെ
പ്രോത്സാഹിപ്പിച്ചു.
മേരിചേച്ചിയുടെ പറമ്പില്‍ വെളുത്ത വസ്ത്രം ധരിച്ച
യക്ഷിയെ കണ്ട കാര്യം പറഞ്ഞുകഴിഞ്ഞപ്പോള്‍ മേരി
ചേച്ചി ഉടനെ പറഞ്ഞു. “ അത് യക്ഷിയൊന്നുമാകില്ല.
അന്ന് വൈകീട്ട്, നേഴ്‌സിംഗിനു പഠിയ്ക്കുന്ന റോസിമോള്
ഹോസ്റ്റലീന്ന് വീട്ടില് വന്നിരുന്നു.അലക്കാത്ത കൊറേ
തുണികളുമായാ അവളു വന്നേ. പിറ്റേന്നുതന്നെ
പോകേണ്ടോണ്ട് അവള് ഉടുക്കണ അഞ്ചാറു വെള്ള
സ്സാരി അലക്കി അഴേമെലിട്ടിരുന്നു. അതില് ഒരെണ്ണം
ഒറ്റയ്ക്കാ ഇട്ടിരുന്നേ. അതിനെയാവും ലാലുട്ടി ആദ്യം
കണ്ടേ”
അവിടെകൂടിയിരുന്നവരുടെ മുഖത്തൊക്കെ പുഞ്ചിരി
വിടര്‍ന്നു.

പക്ഷെ , ലാലേട്ടന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍
തയ്യാറായില്ല. “പക്ഷെ ,ഏറിഞ്ഞ വടി തിരിച്ചുവന്നതോ “
“അതു ശരി , അപ്പോ സാരീമലത്തെ അഴുക്കിന്റെ
കാരണം ഇപ്പഴാ പിടികിട്ട്യേ.ഞാന്‍ വിചാരിച്ചു ആ
വെള്ള സ്സാരീമ്മെ ആരാ അഴുക്കൊക്കെ ആക്ക്യേന്ന് .
അത് നീ യാര്‍ന്നു ല്ലേ. എത്ര കഴുകീട്ടാ പോയേ
ന്നറിയോ. റോസിമോള്‍ക്ക് വെല്ല്യ വെഷമായി.
കാറ്റത്തു പറന്നുപോകാണ്ടിരിയ്ക്കാന്‍ സാരീടെ
നാലറ്റോം പ്ലാസ്റ്റിക് ചരടോണ്ട് മരത്തുമ്മെ
കെട്ടീട്ടുണ്ടാര്‍ന്നു.”

“ അതെ.ഒരു ഇലാസ്റ്റിക് പ്രതലം പോലെ അത്

പ്രവര്‍ത്തിച്ചിരിയ്ക്കാം ‘’ ഡോക്ടറും ആ അഭിപ്രായത്തെ
പിന്താങ്ങി


ലാലേട്ടന് ഒന്നുകൂടി നാണക്കേടായി.

എങ്കിലും വീണ്ടും മൂപ്പര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല്യ.


ഒരു യുക്തിവാദിയായ തനിക്ക് ഇത്തരത്തില്‍
അബദ്ധം പറ്റുകയോ.

ഡോക്ടര്‍,പിന്നീടുണ്ടായ കാര്യങ്ങള്‍ പറയാന്‍
നിര്‍ബ്ബന്ധിച്ചു.

അങ്ങനെ ,ലാലേട്ടന്‍ വാസുവേട്ടന്റെ പറമ്പില്‍‌വെച്ച്
ആകാശ ഗന്ധര്‍വനെക്കണ്ട കാര്യം വരെ
പറഞ്ഞവസാനിപ്പിച്ചു.

പിന്നെ ,എന്തു സംഭവിച്ചുവെന്നു തനിക്കറിയില്ലെന്നും
പറഞ്ഞു.

അപ്പോള്‍ , ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായ
വാസുവേട്ടന്‍ പറഞ്ഞു,
“ അന്ന് വൈകീട്ട് പറമ്പില്‍ ഒരു ഭാഗത്ത് ഞാന്‍
കൊയ്ത്ത് കഴിഞ്ഞപ്പോളുണ്ടായ ചണ്ടും
വൈക്കോലുമൊക്കെ തീയിട്ടിരുന്നു. അതു
കത്തിത്തീരാന്‍ കുറേ സമയമെടുക്കും ചിലപ്പൊ
അതീന്നൊള്ള പൊക മൊകളിലേയ്ക്ക് പോകുന്നതു
കണ്ടീട്ടാവും ലാലുട്ടീ പേടിച്ചത് “

“ ചിലപ്പോഴല്ല - അത് അങ്ങനെ തന്നെ യാവും
സംഭവിച്ചത് “ ഡോക്ടര്‍ പറഞ്ഞു .

തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു,” ഡ്രാക്കുള സിനിമ
കണ്ടപ്പോ‍ള്‍ ലാലുവിന്റെ മനസ്സ് വല്ലാതെ
പേടിച്ചുപോയി; ആ പേടി ഒരു മുന്‍വിധിയായി
മനസ്സില്‍ തങ്ങി നിന്നിരിയ്ക്കാം. ആ മുന്‍‌വിധിയാണ്
വെള്ള സ്സാരി കണ്ടപ്പോ‍ള്‍ യക്ഷിയാണെന്നും പുക
ആകാശത്തേയ്ക്ക് ഉയരുന്നതുകണ്ടപ്പോള്‍
ആകാശഗന്ധര്‍വ്വനാണെന്നുമൊക്കെ
ലാലുവിനെക്കൊണ്ട് തോന്നിപ്പിച്ചത് “

ഡോക്ടര്‍ ഇതും പറഞ്ഞ് പുറത്തുപോയി

“ അപ്പോ ഇനിയും നിരീശ്വരവാദിയാകാം ല്ലേ “ --
അനിയത്തിയുടെ കമന്റ്

ലാലേവേട്ടന്‍ അതു കേള്‍ക്കാത്തമട്ടില്‍ കട്ടിലില്‍
കണ്ണടച്ചു കിടന്നു.

“ ദേ ,വീണ്ടും ബോധം പോയല്ലോ ‘’- മേരിച്ചേച്ചി
പറഞ്ഞു.

ലാ‍ലേട്ടനും തോന്നി ഇതുതന്നെയാണ് നല്ലത് .ഇനി
വിശക്കുമ്പോ കണ്ണുതുറക്കാം





വാല്‍ക്കഷണം ( ആക്ഷേപഹാസ്യം )




താഴെകൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക്
അനുയോജ്യമായ ഉത്തരങ്ങള്‍ ബ്രാക്കറ്റില്‍ നിന്ന്
കണ്ടെത്തുക

1.യക്ഷികള്‍ വെള്ള വസ്ത്രം ധരിയ്ക്കാന്‍ കാരണമെന്ത്?


ഉത്തരം : (വിധവകളായിട്ട്,പണ്ടുകാലത്ത്
ഡിസൈനര്‍ വസ്ത്രങ്ങളുടെ അഭാവം കാരണം,
രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ തിരിച്ചറിയാന്‍
വേണ്ടി, ഇതിലൊന്നും പെടാത്ത വേറെ ചില
കാരണങ്ങള്‍)

2.യക്ഷികള്‍ സാരി ധരിയ്ക്കാന്‍ കാരണമെന്ത് ?

ഉത്തരം: (രവി വര്‍മ്മ , ദേവീ ചിത്രങ്ങളില്‍ സാരി
വരച്ചതുകൊണ്ട് , പണ്ട് കേരളീയ സ്തീകള്‍ ചൂരീദാര്‍
ധരിയ്കാത്തതുകോണ്ട്, പണ്ട് കേരളീയ സ്ത്രീകള്‍
ഫ്രോക്ക് ധരിയ്ക്കാത്തതുകൊണ്ട്, ഇതിലൊന്നും
പെടാത്ത വേറെ ചില കാരണങ്ങള്‍)

3.യക്ഷികള്‍ ചോര കുടിയ്ക്കാന്‍ കാരണമെന്ത് ?

ഉത്തരം : ( നോണ്‍-വെജിറ്റേറിയന്‍
ആയതുകൊണ്ട്,വെജിറ്റബിള്‍‌സ്
ദഹിയ്കാത്തതുകോണ്ട്,ഇതിലൊന്നും പെടാത്ത വേറെ
ചില കാരണങ്ങള്‍ )

4. ഇത്രയേറെ ചോര കുടിച്ചീട്ടും യക്ഷികള്‍ക്ക്
എയ്‌ഡ്‌സ് വരാത്തതിനു കാരണമെന്ത്?

ഉത്തരം: (യക്ഷിയുടെ ശരീരഘടനയെക്കുറിച്ച്
ശാസ്ത്രജ്ഞന്മാര്‍ ഇതേ വരേയ്ക്കും പഠിച്ചിട്ടില്ല, യക്ഷിയ്ക്ക്
എയ്‌ഡ്‌സ് ബാധീക്കില്ല(ഉദാ: കൊതുകിനെപ്പോലെ ),
ഇതിലൊന്നും പെടാത്ത വേറെ ചില കാരണങ്ങള്‍)


5. യക്ഷിവര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച്
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്
വിശദീകരണം നല്‍കുവാന്‍ കഴിയുമോ?

ഉത്തരം : (കഴിയും,കഴിയില്ല,കഴിയുമായിരിയ്ക്കും,
ആവോ )

6.ആശുപത്രികളിലെ ബ്ലഡ് ബാങ്കിനടുത്ത് യക്ഷികള്‍
ചോര കുടിയ്ക്കാന്‍ വരാത്തതെന്തുകൊണ്ട് ?

ഉത്തരം :( യക്ഷികള്‍ ഫ്രിഡ്‌ജില്‍ വെച്ചത് കഴിക്കില്ല്യ ,വൈദ്യതിയുള്ളിടത്ത് യക്ഷി വരില്ല്യ. ,ഇതിലൊന്നും
പെടാത്ത വേറെ ചില കാരണങ്ങള്‍ )

7.യക്ഷിയെ മിസൈലിന് തകര്‍ക്കാന്‍ കഴിയുമോ?


ഉത്തരം : (സിനിമ-സീരിയല്‍ എന്നിവയിലെ
യക്ഷിയെ സാധിക്കില്ല്യ., ആവോ, ആ വക കാര്യങ്ങള്‍
അറിയുന്നതെന്തിനാ)

8.യക്ഷിയും സ്പൈഡര്‍മാനും ഏറ്റുമുട്ടിയാല്‍ ആരാ
ജയിയ്ക്കുക ?

ഉത്തരം : (യക്ഷി, സ്പൈഡര്‍മാന്‍, ആവോ,
ഇങ്ങനത്തെ വിഡ്ഡി
ച്ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല.)

9.യക്ഷിയും ഡ്രാക്കുളയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരാ
ജയിയ്ക്കുക ?

ഉത്തരം : (യക്ഷി, ഡ്രാക്കുള, കറുത്തവരുടെ
പിശാചല്ലേ -- അവനെ തീണ്ടരുത് , ആവോ)

10.ഇങ്ങനത്തെ ചോദ്യങ്ങള്‍ വാല്‍ക്കഷണമായി
കൊടുക്കുന്നതെന്തിനാ ?

ഉത്തരം : (തമാശയ്ക്ക്, ചിന്തിപ്പിയ്ക്കാനായി,
അന്ധവിശ്വാസം മാറ്റുന്നതിനായി,
പലകാര്യങ്ങളുടേയും പൊള്ളത്തരം
വെളിച്ചത്തുകൊണ്ടുവരാന്‍, വെറുതെ ഓരോ
വിഡ്ഡിത്തങ്ങള്‍



1 comment:

കരിപ്പാറ സുനില്‍ said...

അന്ധവിശ്വാസത്തെ കുറച്ചൊക്കെ നമുക്ക് യുക്തിചിന്ത ഉപയോഗിച്ച് ഇല്ലാതാക്കാം.അതിനുള്ള ചെറിയൊരു ശ്രമമണിത് . വാല്‍ക്കഷണത്തിലെ ചോദ്യോത്തരങ്ങള്‍ ചിന്തിപ്പിയ്ക്കുമെന്നു പ്രത്യാശിയ്ക്കുന്നു
കരിപ്പാറ സുനില്‍

 

Web Site Statistics
Apple Laptop Computer